തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഉദ്യോഗസ്ഥനായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. പീഡനം നടന്ന ‘ഡ്രീംസ് സ്പാ’ ഇയാളുടെ ബിനാമി സ്ഥാപനമാണെന്നതിന്റെ നിർണായക തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ മേയർ വി.വി രാജേഷിന്റെ നിർദ്ദേശപ്രകാരം അനുരൂപിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
സ്പായിലെ പണമിടപാടുകൾ പൂർണ്ണമായും അനുരൂപിന്റെ പേരിലാണ് നടന്നിരുന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ബിനാമിയായിരുന്ന നിശാന്ത് സ്പായിലെ പ്രതിദിന കളക്ഷൻ ഗൂഗിൾ പേ വഴി അനുരൂപിനാണ് അയച്ചിരുന്നത്. സ്ഥാപനത്തിലേക്കുള്ള സാധനങ്ങൾ വാങ്ങിയിരുന്നതും ഇയാൾ തന്നെയായിരുന്നു. ഇതിനുപുറമെ, കേസിലെ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ ഇളയമ്മയുമായി അനുരൂപിന് നേരിട്ട് ഇടപാടുകൾ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൈക്കൂലി വാങ്ങിയ കേസുകളിലും നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് പ്രതി.
അതിനിടെ, ഇരയായ പെൺകുട്ടിയുമായി പൊലീസ് കോവളം, വിഴിഞ്ഞം ഭാഗങ്ങളിലെ സ്പാകളിൽ ഫോറൻസിക് സംഘത്തിന്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ് നടത്തി. കുട്ടി അതിക്രൂരമായ ലൈംഗികാതിക്രമത്തിനാണ് ഇരയായതെന്ന് പൊലീസ് പറയുന്നു. സ്പായിലെ രജിസ്റ്ററുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് ഇവിടെയെത്തിയ ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സന്ദർശകരെ തിരിച്ചറിഞ്ഞാൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തും. പെൺകുട്ടിയെ ഇളയമ്മയും ഭർത്താവും ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ സ്പാകൾക്ക് വിൽക്കുകയായിരുന്നു. ഇവർ അന്തർസംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്നും വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്നും പൊലീസ് വ്യക്തമാക്കി.





+ There are no comments
Add yours