വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ; സമവായമായതോടെ പ്രക്ഷോഭം മാറ്റിവെച്ച് എ.പി വിഭാഗം

Estimated read time 0 min read

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ. ഷംസുദീൻ. സർക്കാരിന് മുന്നിലുള്ള പ്രതിസന്ധികൾ കാന്തപുരത്തെ ബോധ്യപ്പെടുത്തിയതായും പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടാകുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പ്രതികരിച്ചു. വഖഫ് ബോർഡിൽ അംഗത്വം നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കേരള മുസ്‍ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസിയും വ്യക്തമാക്കി. ഇതോടെ, ബോർഡിൽ ഇടംലഭിക്കാത്തതിൽ പ്രതിഷേധിച്ച് മറ്റന്നാൾ നടത്താനിരുന്ന ബഹുജന മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു.

പുനഃസംഘടനയിൽ ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും ഈ വിവാദം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും കൂടിക്കാഴ്ചയ്ക്ക് മുൻപ് മന്ത്രി ഷംസുദീൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബോർഡ് അംഗത്വം നൽകാത്തതിൽ പ്രതിഷേധിച്ച് സമസ്ത എ.പി വിഭാഗം പരസ്യപ്രക്ഷോഭത്തിലേക്ക് കടക്കുന്നതിനിടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടായത്. മുഖ്യമന്ത്രി വി.ഡി സതീശന്റെയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നിർദ്ദേശപ്രകാരം പൊന്നാനി എം.എൽ.എ കെ.പി നൗഷാദ് അലി എ.പി വിഭാഗം നേതാക്കളുമായി നടത്തിയ നിർണ്ണായക ചർച്ചയിലാണ് സമവായത്തിന് വഴിയൊരുങ്ങിയത്.

ധാരണ പ്രകാരം, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡ് അംഗത്വം രാജിവെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാനായി ചുമതലയേൽക്കും. ഈ ഒഴിവിലേക്ക് എ.പി വിഭാഗം പ്രതിനിധിയെ നിയമിക്കാനാണ് തീരുമാനം. പുതിയ സമവായത്തിൽ അതിയായ സന്തോഷമുണ്ടെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി മായിൻ ഹാജി പ്രതികരിച്ചു. നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ബോർഡ് അംഗത്വം നിഷേധിക്കപ്പെട്ടതിലുള്ള കടുത്ത അതൃപ്തിയെത്തുടർന്ന്, മുസ്ലിം ലീഗ് നേരിട്ട് നടത്തിയ പ്രാഥമിക സമവായ ശ്രമങ്ങൾക്ക് എ.പി വിഭാഗം വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുതിയ ധാരണകൾ രൂപപ്പെട്ടത്.

+ There are no comments

Add yours