‘രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലരുടെ ശ്രമം, ശത്രുക്കളെ ഒറ്റക്കെട്ടായി നേരിടണം’; ദസറ ആഘോഷത്തിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Estimated read time 1 min read

ന്യൂഡൽഹി: രാജ്യത്തെ വിഭജിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ ശത്രുക്കളെ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീരാമന്റെ ഉദാത്തമായ ആദർശങ്ങൾ സ്മരിക്കേണ്ട സമയമാണിതെന്ന് ഡൽഹിയിൽ നടന്ന ദസറ ആഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തലിന്റെയും ഭീകരതയുടെയും അന്ത്യം കുറിക്കുന്നതാണ് ദസറയെന്നും, അസത്യത്തിന് മേൽ സത്യം നേടുന്ന വിജയത്തിന്റെ സാക്ഷ്യപത്രമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

രാജ്യത്തിന്റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നിൽക്കണം. ‘രാമരാജ്യം’, സ്വയംപര്യാപ്തത, ദേശീയ ഐക്യം എന്നീ ആശയങ്ങൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആഹ്വാനം ചെയ്തു. സത്യം, സേവനം, കൂട്ടായ ദൃഢനിശ്ചയം എന്നിവയിലധിഷ്ഠിതമായ, വികസിതവും സ്വയംപര്യാപ്തവുമായ ഭാരതമെന്ന കാഴ്ചപ്പാടാണ് രാജ്യം മുന്നോട്ടുവെക്കുന്നത്.

“വിവേചനങ്ങളില്ലാത്ത ഒരു ഭരണസംവിധാനത്തെയാണ് രാമരാജ്യം സൂചിപ്പിക്കുന്നത്. എല്ലാവർക്കും നീതിയും തുല്യ അവസരങ്ങളും അവിടെ ലഭിക്കും. ഇത്തരം ഭരണത്തിൽ അധികാരമെന്നത് കേവലം ഭരിക്കാൻ മാത്രമല്ല, ജനക്ഷേമം ഉറപ്പാക്കാൻ കൂടിയുള്ളതാണ്. പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സേവിക്കുക എന്നതിനാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്,” പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രതിസന്ധികളും വെല്ലുവിളികളും എത്ര കഠിനമാണെങ്കിലും നാം പരിഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കരുത്. സ്വന്തം കഴിവ് തിരിച്ചറിഞ്ഞും, വിഭവങ്ങളിൽ വിശ്വസിച്ചും ദൃഢനിശ്ചയത്തോടെ കഠിനാധ്വാനം ചെയ്യണം. വികസിത ഭാരതത്തിന്റെയും ആത്മനിർഭർ ഭാരതത്തിന്റെയും ലക്ഷ്യങ്ങളാണ് നാം മുന്നിൽ കാണേണ്ടതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

+ There are no comments

Add yours