സി.ജെ.പി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് പാർട്ടി; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

Estimated read time 1 min read

ന്യൂഡൽഹി: സി.ജെ.പി (കോക്രോച്ച് ജനതാ പാർട്ടി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി നടപടിക്കെതിരെ പാർട്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തിൽ ഇന്ന് രാത്രി തന്നെ അടിയന്തരമായി വാദം കേൾക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിലവിൽ നാളെ വരെയാണ് ഇരുനേതാക്കളുടെയും കസ്റ്റഡി കാലാവധിയുള്ളത്.

അതിനിടെ, സി.ജെ.പിക്കും നേതാക്കൾക്കും പിന്തുണ പ്രഖ്യാപിച്ച് തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. സി.ജെ.പി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ അറസ്റ്റ് അവരെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂ. എന്നാൽ സി.ജെ.പിയുടെ സമരരീതികളോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി പോലീസ് നിയമം കയ്യിലെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

ഒക്ടോബർ 13-ന് ജന്തർ മന്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പോലീസ് അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധ സ്ഥലത്ത് പ്രവേശിച്ചതിനായിരുന്നു നടപടി. ഇരുവരും നേരത്തെ ഒപ്പിട്ടുനൽകിയ ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവ്വം ലംഘിച്ചുവെന്നും സമാധാനാന്തരീക്ഷം തകർത്തുവെന്നും നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി പിന്നീട് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്.

+ There are no comments

Add yours