കോഴിക്കോട്: തുഷാരഗിരിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുനായയെ കടിച്ചുകൊന്നു. മുഞ്ഞന്നാട്ട് ബെന്നിയുടെ വീട്ടിലെ തൊഴുത്തിനോട് ചേർന്ന് കെട്ടിയിരുന്ന നായയെയാണ് പുലി കൊന്ന് തിന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ മേഖലയിലുണ്ടായ പുലിയുടെ ആക്രമണം പ്രദേശവാസികളിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ രൂക്ഷമായിട്ടും സർക്കാരിന്റെയോ വനംവകുപ്പിന്റെയോ ഭാഗത്തുനിന്നും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന വിമർശനവും ജനങ്ങൾക്കിടയിൽ ശക്തമാണ്. അടുത്തിടെ പാലക്കാട് അകത്തേത്തറയിലെ മൈത്രി നഗർ, ചേരാട് എന്നിവിടങ്ങളിൽ പുലിയിറങ്ങി വളർത്തുനായ്ക്കളെ നിരന്തരം കടിച്ചുകൊന്നത് വലിയ വാർത്തയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഒക്ടോബർ 17-ന് പുലി കുടുങ്ങിയതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തുഷാരഗിരിയിലും സമാന രീതിയിൽ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




+ There are no comments
Add yours