വീട്ടിലെ അടുക്കളയിലുണ്ടായ തീപിടിത്തത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ ഡെലിവറി ബോയ്ക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. ഡോ. ശിവാംഗി ജോഷിയുടെ വീട്ടിൽ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് യുവാവിന്റെ ധീരതയ്ക്ക് കൈയടിയേറുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിലെത്തിയ ഡെലിവറി ബോയ്യിൽ നിന്നും പാഴ്സൽ വാങ്ങി തിരികെ അടുക്കളയിലെത്തിയ ശിവാംഗി, ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടരുന്നത് കണ്ട് ഭയന്നുവിറച്ചു. പെട്ടെന്നുണ്ടായ അപകടത്തിൽ എന്തുചെയ്യണമെന്നറിയാതെ ഇവർ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. വീടിനകത്തുനിന്നുള്ള ബഹളം കേട്ട് ഒട്ടും മടിക്കാതെ അകത്തേക്ക് ഓടിയെത്തിയ ഡെലിവറി ബോയ്, സമീപത്തുണ്ടായിരുന്ന തുണിയെടുത്ത് അതിവിദഗ്ദ്ധമായി തീ കെടുത്തുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഡോ. ശിവാംഗി തന്നെയാണ് നന്ദിസൂചകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “തീ പടർന്നപ്പോൾ എന്തുചെയ്യണമെന്നറിയാതെ ഞാൻ പകച്ചുപോയി. എന്നാൽ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അദ്ദേഹം അകത്തേക്ക് ഓടിയെത്തി എന്നെ സഹായിച്ചത്. മനുഷ്യത്വം ഇന്നും ജീവനോടെയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജോലിയോ വസ്ത്രമോ നോക്കി നമ്മൾ ആളുകളെ വിലയിരുത്തരുത്. എന്റെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ അനുഭവമാണിത്,” ശിവാംഗി പോസ്റ്റിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ 74 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. അപകടഘട്ടത്തിൽ പതറാതെ സാഹചര്യത്തെ നേരിട്ട യുവാവിന്റെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തുന്നുണ്ട്. യുവാവിന്റെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വെളിപ്പെടുത്തണമെന്നും, ഈ ധീരതയ്ക്ക് അർഹമായ ആദരവ് നൽകണമെന്നുമാണ് ആളുകൾ ആവശ്യപ്പെടുന്നത്.




+ There are no comments
Add yours