‘പാലം നിർമ്മിച്ചത് എൽ.ഡി.എഫ് ആണെന്ന് പറയാൻ എം.എൽ.എമാർക്ക് ധൈര്യമില്ല’; നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനത്തിൽ കടുത്ത വിമർശനവുമായി ജി. സുധാകരൻ

Estimated read time 0 min read

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. താൻ മന്ത്രിയായിരുന്ന കാലത്തെ സർക്കാരിന്റെയും ഇപ്പോഴത്തെ രണ്ടാം പിണറായി സർക്കാരിന്റെയും പൂർണ്ണ ഉത്തരവാദിത്തത്തിലാണ് പാലം നിർമ്മിച്ചതെന്ന് പറയാൻ ഉദ്ഘാടന വേദിയിലുണ്ടായിരുന്ന ഒരു എം.എൽ.എയ്ക്കും ധൈര്യമുണ്ടായില്ലെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ വിമർശിച്ചു. സ്വന്തം നേട്ടങ്ങൾ പോലും ഉറപ്പിച്ചു പറയാൻ കഴിയാത്ത വിധം രാഷ്ട്രീയ പാപ്പരത്വമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരെക്കടവ് – മാക്കേക്കടവ് പാലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തന്നെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ അതൃപ്തിയുണ്ടെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഒരു ക്ഷണക്കത്ത് പോലും നൽകാതിരുന്നത് ശരിയായില്ല. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ പെരുമ്പളം പാലം ഉൾപ്പെടെയുള്ളവ ഒരിക്കലും യാഥാർത്ഥ്യമാകില്ലായിരുന്നു. വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ആലപ്പുഴ ജില്ലയിൽ ഇപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും, തന്നെ ക്ഷണിക്കാൻ മാത്രം വിശാലമനസ്കയല്ല ഷാനിമോൾ ഉസ്മാനെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. കിഫ്ബി ഇല്ലാതാകുന്നത് സംസ്ഥാനത്തെ നിർമ്മാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. പൊതുമരാമത്ത് വകുപ്പിന് മാത്രം ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാനാകില്ല. കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവരാണ് കിഫ്ബിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ജി. സുധാകരൻ ആരോപിച്ചു.

+ There are no comments

Add yours