തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ കടുത്ത ഡോക്ടർ ക്ഷാമത്തിലേക്ക്. കേരളത്തിലെ 14 ജില്ലകളിലുമായി എണ്ണൂറ് ഡോക്ടർമാരുടെ കുറവുണ്ടെന്നും ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (DME) ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. രണ്ടാഴ്ച മുൻപാണ് ഡി.എം.ഇ ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.
ഡോക്ടർമാർക്ക് പുറമെ നഴ്‌സുമാർ ഉൾപ്പെടെ ആയിരത്തി ഇരുന്നൂറിലധികം ആരോഗ്യ പ്രവർത്തകരെ കൂടി സംസ്ഥാനത്ത് അടിയന്തരമായി ആവശ്യമുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ ഈ കുറവ് ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനുപുറമെ, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ വേതനം വർദ്ധിപ്പിക്കണമെന്നും ഡി.എം.ഇ ആവശ്യപ്പെടുന്നുണ്ട്.
ഒഴിഞ്ഞുകിടക്കുന്ന ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെയും ആരോഗ്യമേഖലയുടെയും പ്രവർത്തനം പൂർണ്ണമായും താളം തെറ്റുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.




+ There are no comments
Add yours