തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരി ക്രൂരപീഡനത്തിനിരയായ കേസിൽ സ്ഥാപനത്തിന്റെ ബിനാമി അറസ്റ്റിൽ. തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ സെക്ഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണ് കോവളം പോലീസിന്റെ പിടിയിലായത്. കോവളത്തെ ‘ഡ്രീംസ് സ്പാ’ സുഹൃത്തിന്റെ പേരിലാണ് നടത്തിയിരുന്നതെങ്കിലും, ഇവിടെ നിന്നുള്ള വരുമാനം മുഴുവൻ അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
മറ്റൊരു ആയുർവേദ ഡോക്ടർ നടത്തിയിരുന്ന ഈ സ്ഥാപനം അനുരൂപ് ലീസിനെടുത്ത് നടത്തുകയായിരുന്നു എന്നാണ് വിവരം. പീഡനത്തിനിരയായ പെൺകുട്ടി ഏറ്റവും ഒടുവിലായി താമസിച്ചിരുന്നതും ഇവിടെയാണ്. കോർപ്പറേഷൻ ഉദ്യോഗസ്ഥനായ പ്രതി അറസ്റ്റിലായതോടെ ഇയാൾക്കെതിരെയും സ്ഥാപനത്തിനെതിരെയും നഗരസഭാ അധികൃതർ സ്വീകരിക്കുന്ന നടപടികൾ നിർണ്ണായകമാകും.
അതേസമയം, കേസിൽ നേരത്തെ പിടിയിലായ പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും അന്തർസംസ്ഥാന മനുഷ്യക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണികളാണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ റിമാൻഡിൽ കഴിയുന്ന സ്പാ നടത്തിപ്പുകാരൻ സജിത്തുമായുള്ള ബന്ധമാണ് പെൺകുട്ടിയെ കോവളത്ത് എത്തിക്കാൻ കാരണമായത്. കമ്മീഷൻ വ്യവസ്ഥയിലാണ് ഇളയമ്മയും ഭർത്താവും കുട്ടിയെ സ്പാകളിൽ വിറ്റിരുന്നത്. ലൈംഗിക ചൂഷണത്തിന് വിസമ്മതിച്ചപ്പോൾ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം പൊള്ളലേൽപ്പിച്ചതായും അതിക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പെൺകുട്ടിയെ ചെന്നൈ ഗുഡുവാഞ്ചേരിയിലെ സ്പായിൽ എത്തിച്ചിട്ടില്ലെന്നാണ് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നതെങ്കിലും, ഇവർ അവിടെയുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ വഴി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോക്സോ, ബലാത്സംഗം, മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത്.




+ There are no comments
Add yours