സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളിൽ വൻ ക്രമക്കേട്; ഗുരുതര കണ്ടെത്തലുകളുമായി വിജിലൻസ്

Estimated read time 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകളുടെയും കൗൺസിലുകളുടെയും പ്രവർത്തനങ്ങളിൽ വൻ സാമ്പത്തിക-ഭരണ ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസ് കണ്ടെത്തൽ. പല അസോസിയേഷനുകളിലും ടെൻഡർ, ക്വട്ടേഷൻ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന് കായിക മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.

ഫണ്ട് വിനിയോഗിക്കുന്നതിൽ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. ഇതിനുപുറമെ, വിവിധ ചാമ്പ്യൻഷിപ്പുകളിൽ അർഹതയില്ലാത്ത കായികതാരങ്ങളെ അനധികൃതമായി ഉൾപ്പെടുത്തിയതായും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പല സ്പോർട്സ് അസോസിയേഷനുകളും കേവലം കടലാസ് സംഘടനകളായി മാത്രമാണ് നിലനിൽക്കുന്നതെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇൻഡോർ സ്റ്റേഡിയങ്ങൾ വാടകയ്ക്ക് നൽകുന്നതിലും വ്യാപകമായ അഴിമതി നടന്നിട്ടുണ്ട്. പലരിൽ നിന്നായി വ്യത്യസ്ത നിരക്കുകളിലാണ് വാടക ഈടാക്കിയിരുന്നത്.

ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടപ്രകാരം വ്യാജ വൗച്ചറുകൾ എഴുതി തുക മാറിയെടുത്തതായും പരിശോധനയിൽ തെളിഞ്ഞു. കായികതാരങ്ങൾക്ക് നൽകാനായി വാങ്ങിയ ജേഴ്സിയും കിറ്റുകളും വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കായികമേള അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ഗുരുതരമായ വിവരങ്ങൾ പുറത്തുവരുന്നത്. സർക്കാരിന്റെ പുതിയ കായിക നയം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖലയിലെ അഴിമതി പൂർണ്ണമായും തടയാനാകുമെന്ന പ്രതീക്ഷയിലാണ് കായിക വകുപ്പ്.

+ There are no comments

Add yours