ജെ.എൻ.യു വിദ്യാർഥി സമരം വിജയം; പ്രതിനിധികളെ പുറത്താക്കിയ നടപടി റദ്ദാക്കി അധികൃതർ, 18 നാൾ നീണ്ട നിരാഹാരം അവസാനിച്ചു

Estimated read time 1 min read

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) വിദ്യാർത്ഥികൾ നടത്തിവന്ന 18 ദിവസം നീണ്ട അനിശ്ചിതകാല നിരാഹാര സമരം അവസാനിച്ചു. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളെ അന്യായമായി പുറത്താക്കിയ നടപടി പിൻവലിച്ചതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർവകലാശാലാ അഡ്മിനിസ്ട്രേഷൻ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

പുറത്താക്കപ്പെട്ട ജെ.എൻ.യു.എസ്.യു (JNUSU) പ്രതിനിധികളെ തിരിച്ചെടുക്കുന്നതിന് പുറമെ, വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റ് 13 പ്രധാന ആവശ്യങ്ങളും അധികൃതർ അംഗീകരിച്ചിട്ടുണ്ട്. ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് അദിതി മിശ്ര, വൈസ് പ്രസിഡന്റ് ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവ് എന്നിവരടക്കം 12 പേരാണ് കാമ്പസിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്.

വിദ്യാർത്ഥികളുടെ സമരത്തിന് ജനപ്രതിനിധികളിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ജോൺ ബ്രിട്ടാസ് എം.പി സമരപ്പന്തലിലെത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ എസ്.എഫ്.ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് നാദിയ, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, എൻ.സി.പി ദേശീയ നേതാവ് അനീഷ് ഗവണ്ടെ എന്നിവരും സമരത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

+ There are no comments

Add yours