ആലപ്പുഴ: ഹരിപ്പാട് രണ്ട് വയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. മാതാപിതാക്കളായ രാജേഷും താരയും കുട്ടികളെ ഉപയോഗിച്ച് പണപ്പിരിവ് നടത്തിയിരുന്നതായും, ജോലിയെടുക്കാതെ ജീവിക്കാൻ കുട്ടികളെ മറയാക്കിയെന്നുമാണ് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കുട്ടികളുടെ മുന്നിലിരുന്ന് ഇരുവരും സ്ഥിരമായി മദ്യപിച്ചിരുന്നതായും ഒരു മാസം മുൻപ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.
കുട്ടികളെ അടിയന്തരമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് റിപ്പോർട്ടിൽ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ പിഞ്ചുകുഞ്ഞിന്റെ മരണത്തെത്തുടർന്ന്, ദമ്പതികളുടെ നവജാത ശിശുവിനെ ഏറ്റെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയർപേഴ്സൺ ഡോ. ഗീത വി. അറിയിച്ചു. കുഞ്ഞ് അമ്മയ്ക്കൊപ്പം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. നിലവിൽ അമ്മയെയും കുഞ്ഞിനെയും രണ്ട് മുറികളിലായാണ് പാർപ്പിച്ചിരിക്കുന്നത്. മുലപ്പാൽ നൽകാൻ മാത്രമാണ് കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുന്നത്. മരിച്ച രണ്ടര വയസ്സുകാരന്റെ വിവരം അമ്മയെ ഇന്ന് ഔദ്യോഗികമായി അറിയിക്കും.
ഒരു മാസം മുൻപ് ഗാന്ധിഭവനിൽ കഴിഞ്ഞിരുന്ന അമ്മയെയും കുട്ടികളെയും പത്ത് ദിവസത്തെ അവധിക്കെന്ന് പറഞ്ഞാണ് രാജേഷ് കൂട്ടിക്കൊണ്ടുപോയത്. എന്നാൽ അവധി കഴിഞ്ഞിട്ടും ഇവരെ തിരികെ എത്തിച്ചിരുന്നില്ലെന്നും ഡോ. ഗീത വ്യക്തമാക്കി. ദുരന്തത്തിന് പിന്നാലെ ശിശുക്ഷേമ സമിതിയുടെയും മറ്റ് വകുപ്പുകളുടെയും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.





+ There are no comments
Add yours