ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി സി.പി.ഐ.എമ്മിന്റെ (CPIM) നേതൃത്വത്തിൽ ഇന്ന് ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. രാവിലെ 11.15-ന് നടക്കുന്ന പ്രതിഷേധത്തിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കും. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന സി.പി.ഐ.എം നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കും.
സി.പി.ഐ.എമ്മിന് പുറമെ കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻ.എസ്.യു.ഐയും (NSUI) തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, മറ്റ് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.
അതേസമയം, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.ജെ.പി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. ഇരുവരുടെയും കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നീട്ടി. ഒക്ടോബർ 13-നാണ് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത്.
സി.ജെ.പിയുടെ പ്രധാന നേതാക്കളായ ഇരുവരുടെയും മോചനം തടയുന്നതിനായി ജാമ്യ നടപടികൾ ഭരണകൂടം മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്ന് നേരത്തെ കടുത്ത ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി വീണ്ടും നീട്ടിയത്. മജിസ്ട്രേറ്റിന്റെ ഈ നടപടിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാനാണ് സി.ജെ.പിയുടെ തീരുമാനം.




+ There are no comments
Add yours