തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം മനുഷ്യക്കടത്താണെന്ന് പൊലീസ് കണ്ടെത്തൽ. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും ഉൾപ്പെട്ട അന്തർസംസ്ഥാന റാക്കറ്റാണ് ഇതിന് പിന്നിലെന്നും കമ്മീഷൻ വ്യവസ്ഥയിലാണ് കുട്ടിയെ ഇവർ വിറ്റതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പ്രതികൾക്കെതിരെ പോലീസ് മനുഷ്യക്കടത്ത് വകുപ്പുകളും ചുമത്തി.
ഓരോ തവണ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോഴും ഇളയമ്മ കമ്മീഷനായി പണം കൈപ്പറ്റിയിരുന്നതായാണ് അന്വേഷണത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റതടക്കം നിരവധി പരിക്കുകളുണ്ട്. കേസിലെ നിർണായക തെളിവുകളായ സ്പായിലെ രജിസ്റ്റർ ബുക്കും സി.സി.ടി.വി ദൃശ്യങ്ങളും പ്രതികൾ ആസൂത്രിതമായി നശിപ്പിച്ചിട്ടുണ്ട്. ബലാത്സംഗം, പോക്സോ (POCSO), ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ ഗുരുതര വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സ്പാകളിൽ പെൺകുട്ടികളെ എത്തിക്കുന്ന അന്തർസംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണികളാണ് കുട്ടിയുടെ ഇളയമ്മയും ഭർത്താവും. സ്പാ നടത്തിപ്പുകാരനായ സജിത്തും ഈ സംഘത്തിൽ ഉൾപ്പെട്ടയാളാണ്. ഈ ബന്ധം വഴിയാണ് പെൺകുട്ടിയെ കോവളത്തെത്തിച്ചത്. കുട്ടിയെ തമിഴ്നാട്ടിലെത്തിച്ചും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ ചെന്നൈയിൽ എത്തിച്ചിട്ടില്ലെന്ന് പ്രതികൾ ആവർത്തിക്കുന്നുണ്ടെങ്കിലും, ഇവർ അവിടെയുണ്ടായിരുന്നതായി മൊബൈൽ ഫോൺ രേഖകളിൽ നിന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.




+ There are no comments
Add yours