ബെംഗളൂരു: വീട്ടുവാടക ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ അഭിഭാഷകനെ വാടകക്കാർ വെടിവെച്ചുകൊന്നു. വൈറ്റ് ഫീൽഡ് സ്വദേശിയായ മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടകക്കാരായ രണ്ട് ബിഹാർ സ്വദേശികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഓൺലൈൻ ഡെലിവറി ജീവനക്കാരാണ് പ്രതികൾ. വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പട്ടനൂർ അഗ്രഹാരയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
വാടക നൽകുന്നതുമായി ബന്ധപ്പെട്ട് മഞ്ജുനാഥും പ്രതികളുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. കൊലപാതകത്തിന് ഒരു മണിക്കൂർ മുമ്പും ഇവർ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തർക്കത്തിനിടെ പ്രകോപിതരായ പ്രതികൾ അഭിഭാഷകന്റെ നെറ്റിയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൃത്യം നടത്തിയ ഉടൻ തന്നെ പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) സംഘം പരിശോധന നടത്തി നിർണായക തെളിവുകൾ ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായി ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.




+ There are no comments
Add yours