കൊച്ചി: മുഹമ്മദ് റിയാസിനെതിരായ കേസിൽ ഹവാല ഇടപാടുകളുടെ വിവരങ്ങൾ കണ്ടെത്താൻ ദുബായിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇതിനായി കൊച്ചിയിലെ പി.എം.എൽ.എ (PMLA) കോടതിയുടെ അനുമതി വാങ്ങിയ ശേഷം ദുബായിലേക്ക് ലെറ്റേഴ്സ് റൊഗേറ്ററി (LR) കൈമാറാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) നീക്കം. അനധികൃത സ്വത്ത് സമ്പാദനം, വിദേശ പണമിടപാട് എന്നിവ ചൂണ്ടിക്കാട്ടിയാണ് റിയാസിനെതിരെ നിലവിൽ ഇ.സി.ഐ.ആർ ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ കേസിന് എക്സാലോജിക് ഇടപാടുമായി നേരിട്ട് ബന്ധമില്ലെന്നാണ് സൂചന.
അതേസമയം, സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്.ഐ.ടി) രൂപീകരിച്ചു. വ്യത്യസ്ത കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിനാൽ, സംസ്ഥാന ഡി.ജി.പിക്ക് ഇ.ഡി നൽകിയ കത്തിൻമേലാണ് വിജിലൻസ് രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതിന്റെ എഫ്.ഐ.ആറുകൾ തിരുവനന്തപുരം വിജിലൻസ് കോടതി അംഗീകരിച്ചിട്ടുണ്ട്.
വിജിലൻസ് ആസ്ഥാനത്തെ ഡി.ഐ.ജി തോംസൺ ജോസിനാണ് ഈ അന്വേഷണങ്ങളുടെ പൂർണ്ണ മേൽനോട്ട ചുമതല. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് എസ്.പി ഇ.എൻ. സുരേഷും, മുഹമ്മദ് റിയാസിനെതിരായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി ബാലകൃഷ്ണനുമാണ് അന്വേഷിക്കുന്നത്.




+ There are no comments
Add yours