തിരുവനന്തപുരം: ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടർന്ന് മരുന്ന് മാറി കഴിക്കേണ്ടി വന്ന ഓട്ടിസം ബാധിതനായ യുവാവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്പരീഷ് ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റായ മരുന്ന് ഉള്ളിൽ ചെന്നത് യുവാവിന്റെ പ്രതിരോധശേഷി ഗണ്യമായി കുറയ്ക്കാനും ശ്വാസകോശത്തിൽ അണുബാധയുണ്ടാകാനും കാരണമായിട്ടുണ്ട്.
നിലവിൽ അമ്പരീഷിനെ വെന്റിലേറ്റർ സപ്പോർട്ടിൽ നിന്നും ടി-പീസ് (T-piece) സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിലൂടെയാണ് ഇപ്പോൾ ഓക്സിജൻ നൽകുന്നത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെ രോഗിക്ക് സ്വന്തമായി എത്രത്തോളം ശ്വാസമെടുക്കാൻ കഴിയുമെന്ന് നിരീക്ഷിക്കുന്ന പരീക്ഷണ ഘട്ടമാണിതെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, സംഭവത്തിൽ അണ്ടൂർക്കോണം സി.എച്ച്.സിയിലെ (CHC) ജീവനക്കാർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് അമ്പരീഷിന്റെ മാതാവ് പോത്തൻകോട് പോലീസിൽ പരാതി നൽകി. മാറി നൽകിയ മരുന്നിന്റെ ചിത്രങ്ങൾ ഉൾപ്പെടെയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം വീട്ടിലെത്തി പ്രാഥമിക വിവരശേഖരണവും അന്വേഷണവും നടത്തിയിട്ടുണ്ട്.




+ There are no comments
Add yours