കണ്ണൂർ കിഫ്‌ബി ഭൂമിയിടപാട്: ഏറ്റെടുക്കൽ അടിയന്തരമായി നടപ്പാക്കാൻ നിർദേശിച്ചത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ; നിർണായക രേഖകൾ പുറത്ത്

Estimated read time 1 min read

തിരുവനന്തപുരം: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ ഉയർന്ന വിലയ്ക്ക് ഭൂമി ഏറ്റെടുക്കാൻ മുൻകൈയെടുത്തത് മുൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് തെളിയിക്കുന്ന നിർണായക രേഖകൾ പുറത്ത്. വിവാദമായ ഈ ഭൂമി ഏറ്റെടുക്കൽ അടിയന്തരമായി നടപ്പാക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിരുന്നതായി വ്യക്തമാക്കുന്ന കിഫ്‌ബി ബോർഡ് യോഗത്തിന്റെ മിനുട്സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

2018 ഒക്ടോബർ 25-ന് കിഫ്‌ബി സി.ഇ.ഒ കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവർ പങ്കെടുത്ത 33-ാം ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. വ്യവസായ വികസനത്തിന് ഈ പദ്ധതി അത്യാവശ്യമാണെന്ന് പിണറായി വിജയൻ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. കണ്ണൂർ വിമാനത്താവള പരിസരത്തെ വികസനം, വലിയ ഹോട്ടലുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ അതിവേഗം പൂർത്തിയാക്കുന്നതിന് ഭൂമി ഏറ്റെടുക്കൽ ഒരു കാരണവശാലും തടസ്സമാകരുതെന്നും അദ്ദേഹം കർശന നിർദ്ദേശം നൽകിയതായി പുറത്തുവന്ന രേഖകളിൽ വ്യക്തമാക്കുന്നു.

പാലക്കാട്, കണ്ണൂർ ജില്ലകളിലായി 1000 ഏക്കർ ഭൂമിയാണ് കിഫ്‌ബി ഘട്ടംഘട്ടമായി ഏറ്റെടുത്തത്. ഇതിൽ കണ്ണൂരിൽ ഏക്കറിന് 2.5 കോടി രൂപയും പാലക്കാട് ഒരു കോടി രൂപയുമാണ് കിൻഫ്ര വില നിശ്ചയിച്ചത്. യഥാർത്ഥ വിലയുടെ അഞ്ചിരട്ടിയോളം തുക നൽകി ഭൂമി ഏറ്റെടുത്ത നടപടിയിൽ കടുത്ത ദുരൂഹതയുണ്ടെന്ന് നേരത്തെ വിദഗ്ധ സമിതി വിലയിരുത്തിയിരുന്നു. വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമെന്ന് ചൂണ്ടിക്കാട്ടി ഉയർന്ന വില നൽകി ഏറ്റെടുത്ത കണ്ണൂരിലെ ഈ ഭൂമിയിൽ നാളിതുവരെയായിട്ടും യാതൊരുവിധ പദ്ധതികളും നടപ്പിലാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

+ There are no comments

Add yours