തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തീരുമാനം. പുതിയ സർക്കാർ അധികാരത്തിൽ വന്നയുടൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അതിവേഗം നീങ്ങിയതെങ്ങനെയെന്നാകും പ്രധാനമായും അന്വേഷിക്കുക. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് വെറും രണ്ടുദിവസത്തിനകം ഫയലിൽ തീരുമാനമുണ്ടായതിലും അന്വേഷണത്തിലൂടെ വ്യക്തത വരുത്തും. ഇതിനിടെ, വകുപ്പ് മന്ത്രിയറിയാതെ ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽ നിന്നും മാറ്റിനിർത്തിയിട്ടുണ്ട്.
അതേസമയം, യു.ഡി.എഫ് സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്. പുതിയ നയത്തിൽ ഷോപ്പിങ് മാളുകൾ, ബേക്കറികൾ തുടങ്ങിയവ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിന് അനുമതിയുണ്ടാകില്ലെന്നാണ് സൂചന. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തുന്നതിന് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബേക്കറികൾ വഴി വൈൻ വിൽപ്പന നടത്തുന്നതിനോട് എക്സൈസ് മന്ത്രി എം. ലിജുവിനും വ്യക്തിപരമായി വിയോജിപ്പുണ്ട്.
എന്നാൽ, വിവാദമുയർന്നപ്പോൾ ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതുകൊണ്ട് മാത്രം സർക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.





+ There are no comments
Add yours