തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ വഴിയൊരുക്കി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതലായിരിക്കും നിരക്ക് വർധന പ്രാബല്യത്തിൽ വരിക. ഇതിന് പുറമെ അടുത്ത വർഷം മുതൽ പുതിയ സർചാർജും ഈടാക്കിത്തുടങ്ങും.
കെ.എസ്.ഇ.ബിയുടെ (KSEB) അയ്യായിരം കോടിയോളം വരുന്ന മുൻകാല നഷ്ടവും ഹ്രസ്വകാല കരാറുകളിലൂടെയുണ്ടായ അധിക സാമ്പത്തിക ബാധ്യതകളും സാധാരണക്കാരായ ഉപഭോക്താക്കളുടെ ചുമലിൽ കെട്ടിവെക്കുന്ന തരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും വരുംദിവസങ്ങളിൽ നിരക്കിൽ ഉൾപ്പെടുത്തും.
കൂടാതെ, വൈദ്യുതി ഉപഭോഗം കൂടുതലുള്ള ‘പീക്ക് സമയ’ത്തിലും (Peak Time) കമ്മീഷൻ സുപ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെയായിരുന്ന പീക്ക് സമയം, ഇനിമുതൽ 6 മണി മുതൽ രാത്രി 11.30 വരെയായി ദീർഘിപ്പിച്ചു. ഈ സമയങ്ങളിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് നിരക്കിൽ കാര്യമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്.




+ There are no comments
Add yours