ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ടുവയസ്സുകാരൻ രാഹുൽ മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ കൊടിയ അവഗണനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതീവ വൃത്തിഹീനമായ സാഹചര്യത്തിലാണ് രാഹുൽ ഉൾപ്പെടെയുള്ള കുട്ടികളെ മാതാപിതാക്കൾ പാർപ്പിച്ചിരുന്നത്. വീടിന്റെ ഒരു വശത്ത് നിലത്ത് കിടക്കയിട്ടായിരുന്നു ഇവരുടെ താമസം.
കുട്ടികളുടെ ദുരവസ്ഥ മനസ്സിലാക്കിയ പൊതുപ്രവർത്തകർ നേരത്തെ ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും കുറച്ചുദിവസങ്ങൾക്കുള്ളിൽ മാതാപിതാക്കൾ ഇവരെ തിരികെ കൊണ്ടുവരികയായിരുന്നു. നാട്ടുകാർ ഇടപെട്ട് മറ്റ് പലയിടങ്ങളിലായി വാടകവീടുകൾ എടുത്തുനൽകിയെങ്കിലും, എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി ഇവർ പഴയ സ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുക പതിവായിരുന്നു.
കുട്ടികൾക്ക് ആവശ്യമായ ഭക്ഷണമോ പരിചരണമോ മാതാവ് നൽകിയിരുന്നില്ല. ആറ് മക്കൾക്കും മുലപ്പാൽ നൽകിയിരുന്നില്ലെന്ന് രാഹുലിന്റെ മുത്തശ്ശി തന്നെ വെളിപ്പെടുത്തി. കവർപ്പാലിൽ ധാരാളം വെള്ളം ചേർത്ത് നൽകുകയോ, കട്ടൻചായയും ബിസ്ക്കറ്റും നൽകുകയോ മാത്രമായിരുന്നു പതിവ്. ആഹാരം പാകം ചെയ്യാൻ പോലും മാതാവ് തയ്യാറായിരുന്നില്ല. പലപ്പോഴും വിശന്നുവലഞ്ഞ കുട്ടികൾക്ക് നാട്ടുകാരാണ് ഭക്ഷണം നൽകിയിരുന്നത്. കുളിപ്പിക്കുകയോ വൃത്തിയായി കൊണ്ടുനടക്കുകയോ ചെയ്യാത്തതിനാൽ, ഒമ്പതുവയസ്സുള്ള മൂത്ത കുട്ടിയായിരുന്നു താഴെയുള്ളവരെ നോക്കിയിരുന്നത്.
അതേസമയം, രാഹുൽ മരിച്ചതിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതിരുന്ന പിതാവ് രാജേഷ്, മൃതദേഹം ബന്ധുവീട്ടിലെത്തിച്ച് രഹസ്യമായി മറവുചെയ്യാൻ ശ്രമിച്ചതായും അയൽവാസികൾ പറയുന്നു. ഇവരുടെ ആദ്യത്തെ കുട്ടി മരിച്ചപ്പോഴും വിവരമാരെയും അറിയിക്കാതെ പിതാവിന്റെ വീട്ടിൽ രഹസ്യമായി മൃതദേഹം മറവുചെയ്യുകയായിരുന്നുവെന്ന വിവരവും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.




+ There are no comments
Add yours