പ്രക്ഷോഭത്തിൽ കത്തിയെരിഞ്ഞ് ഫ്രാൻസ്; പൈതൃക സ്മാരകമായ ലിമോജസ് ടൗൺ ഹാൾ അക്രമികൾ തീവെച്ചു നശിപ്പിച്ചു

Estimated read time 1 min read

പാരിസ്: വർധിച്ചുവരുന്ന ജീവിതച്ചെലവിനും സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും എതിരെ ഫ്രാൻസിൽ നടക്കുന്ന ജനകീയ പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തെ തെരുവുകൾ അക്ഷരാർത്ഥത്തിൽ കലാപഭൂമിയായി മാറി. ഫ്രാൻസിലെ ലിമോജസ് നഗരത്തിലുള്ള ചരിത്രപ്രസിദ്ധമായ ടൗൺ ഹാളിലേക്ക് മുഖംമൂടി ധരിച്ചെത്തിയ സംഘം അതിക്രമിച്ചുകയറി തീവെച്ചു. 143 വർഷം പഴക്കമുള്ള ഈ പൈതൃക സ്മാരകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പൂർണ്ണമായി കത്തിനശിച്ചു.

ഒക്ടോബർ 17-ന് വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചും അരലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് 1,200-ലധികം പേരെ അറസ്റ്റ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധം വൈകുന്നേരത്തോടെയാണ് കലാപത്തിന് വഴിമാറിയത്. നിരവധി കടകൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഗ്രനോബിൾ, അവിഗ്നോൻ, പോ, മോണ്ട്പെല്ലിയർ, വാലൻസ് തുടങ്ങിയ പ്രധാന നഗരങ്ങളിലെ കെട്ടിടങ്ങൾക്കും അക്രമികൾ തീവെച്ചു. സെക്കൻഡറി സ്കൂളുകളിലെ അധ്യാപക ക്ഷാമത്തിനും അപര്യാപ്തതകൾക്കുമെതിരെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളും 2018 മുതൽ സാമ്പത്തിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ‘യെല്ലോ വെസ്റ്റ്’ പ്രവർത്തകരും കൂടി ചേർന്നതോടെയാണ് രാജ്യത്ത് പ്രക്ഷോഭം കൂടുതൽ ശക്തമായത്.

+ There are no comments

Add yours