വയനാട്: ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിവന്നിരുന്ന വാടകയും ദിനബത്തയും മുടങ്ങിയതായി പരാതി. ഇത് സംബന്ധിച്ച് അന്വേഷിക്കാൻ ചെല്ലുന്നവരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ദുരന്തബാധിതർ ആരോപിച്ചു. മുമ്പ് എൽ.ഡി.എഫ് സർക്കാർ മുടങ്ങാതെ നൽകിയിരുന്ന ആനുകൂല്യങ്ങളാണ് ഇപ്പോൾ പൂർണ്ണമായും അവതാളത്തിലായിരിക്കുന്നതെന്ന് അവർ പറയുന്നു.
വാടകയോ ദിനബത്തയോ ചോദിച്ച് ചെല്ലുമ്പോൾ ഉദ്യോഗസ്ഥരിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും, പകരം സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കുകയാണെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ദുരന്തബാധിതർ പ്രതികരിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻ സർക്കാർ തങ്ങളെ പട്ടിണിക്കിടാതെ സംരക്ഷിച്ചിരുന്ന കാര്യവും അവർ ഓർമ്മപ്പെടുത്തുന്നു.
പുനരധിവാസ പ്രവർത്തനങ്ങളും വലിയ പ്രതിസന്ധിയിലാണ്. നേരത്തെ 178 കുടുംബങ്ങൾക്ക് പട്ടയമടക്കം നൽകി വീടുകൾ കൈമാറിയിരുന്നുവെങ്കിലും, ഇനി പുനരധിവസിപ്പിക്കാനുള്ള 156 കുടുംബങ്ങളുടെ കാര്യത്തിൽ കടുത്ത അനിശ്ചിതത്വമാണ് തുടരുന്നത്. തങ്ങൾക്ക് ലഭിക്കാൻ പോകുന്ന വീട് എവിടെയാണെന്ന് പോലും ഇവർക്കറിയില്ല. വീടുകൾക്കായുള്ള നറുക്കെടുപ്പ് സെപ്റ്റംബർ 8-ന് നടത്തുമെന്ന് ടി. സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. പിന്നീട് സെപ്റ്റംബർ 30-ലേക്കും ഇപ്പോൾ ഒക്ടോബർ 30-ലേക്കും ഇത് മാറ്റിവെച്ചിരിക്കുകയാണ്. വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.




+ There are no comments
Add yours