ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് തന്നെ ക്ഷണിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ജി. സുധാകരൻ എംഎൽഎ. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മാക്കേക്കടവിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പാലം നാടിന് സമർപ്പിക്കുന്നത്.
2017-ൽ ജി. സുധാകരനായിരുന്നു പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. 2016-ൽ ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ പലവിധ സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയപ്പോൾ പ്രതിസന്ധി പരിഹരിക്കാൻ അദ്ദേഹം നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. എന്നിട്ടും തന്നെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയോ നോട്ടീസിൽ പേര് ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.
പത്ത് വർഷം കൊണ്ട് 98 കോടി രൂപ ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 800 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാതയുൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. നിർദിഷ്ട തുറവൂർ-പമ്പ പാതയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വരുന്ന ഈ പാലം ശബരിമല തീർത്ഥാടകർക്കും ഏറെ ഗുണകരമാകും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ പി.കെ. ബഷീർ, എം. ലിജു, സ്ഥലം എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.




+ There are no comments
Add yours