കൊച്ചി: മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി) ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ജോയിന്റ് ആർ.ടി.ഒ ആയിരിക്കും റിപ്പോർട്ട് നൽകുക. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതി സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.
അതിനിടെ, കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. സുഹൈൽ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ഒപ്പമുണ്ടായിരുന്ന രണ്ടും മൂന്നും നാലും പ്രതികൾ ഇയാളെ വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കിയില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അപകടസമയത്ത് അനുവദനീയമായതിലും അഞ്ചിരട്ടിയോളം മദ്യം സുഹൈലിന്റെ ഉള്ളിലുണ്ടായിരുന്നതായി രക്ത, മൂത്ര പരിശോധനകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ ആഘാതം കൃത്യമായി കണ്ടെത്തുന്നതിനായി വാഹനത്തിന്റെ ഇ.ഡി.ആർ (EDR) സംവിധാനം പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ പ്രതികൾക്ക് മദ്യം വിളമ്പിയ മൂന്ന് ബാറുകളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക, കർണാടക സ്വദേശി ഇജാസ് എന്നിവർക്കാണ് ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.





+ There are no comments
Add yours