ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ നിയന്ത്രണം വിട്ട ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 പേർ മരിച്ചു. ശീതള മാതാ ക്ഷേത്രത്തിന് സമീപം ഇന്ന് പുലർച്ചെ 1.30-ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ക്ഷേത്രമതിൽ തകർത്താണ് വാഹനം ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 39 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്കാണ് അപകടമുണ്ടാക്കിയത്. ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതും കുത്തനെയുള്ളതുമായ റോഡിൽ വെച്ച് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് ഈ മേഖലയിൽ പൊലീസ് പ്രത്യേക ചെക്ക്പോസ്റ്റുകളും ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. ഇത് മറികടന്ന് ഭാരവാഹനം എങ്ങനെയാണ് നിയന്ത്രിത മേഖലയിലേക്ക് കടന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും വിവരമറിഞ്ഞയുടൻ തന്നെ ആംബുലൻസുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായും ഗ്വാളിയോർ കളക്ടർ രുചിക ചൗഹാൻ അറിയിച്ചു.




+ There are no comments
Add yours