മലപ്പുറം: സംസ്ഥാനത്തെ വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി സമസ്ത എ.പി വിഭാഗം മുഖപത്രമായ ‘സിറാജ്’. ‘വഖഫ് ബോർഡ് പുനഃസംഘടന വഞ്ചനാപരം’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ലീഗിനെതിരെ ആഞ്ഞടിച്ചത്. സമുദായത്തിലെ എല്ലാ വിഭാഗങ്ങളുടെയും താത്പര്യങ്ങൾ നീതിപൂർവം പരിഗണിക്കുന്നതിന് പകരം, ചില പ്രത്യേക വിഭാഗങ്ങളെ മാത്രം പരിഗണിക്കുകയും മറ്റുള്ളവരോട് കടുത്ത അനീതി കാണിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം.
നിലവിൽ മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡുള്ളത്. സമുദായത്തിന്റെ ക്ഷേമത്തിനും പുരോഗതിക്കുമായി രൂപീകരിക്കപ്പെട്ട പാർട്ടി, തങ്ങളുടെ അനുയായികൾക്കും സ്വന്തക്കാർക്കും മാത്രം ഭരണപരമായ സ്ഥാനമാനങ്ങൾ നേടിക്കൊടുക്കുന്ന രീതി അവസാനിപ്പിക്കണം. പകരം എല്ലാ വിഭാഗങ്ങളെയും വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കണമെന്നും പൊതുസ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും മുഖപ്രസംഗത്തിൽ ഓർമ്മിപ്പിക്കുന്നു.
കെ.എസ്. ഹംസയുടെ നേതൃത്വത്തിലുണ്ടായിരുന്ന സമിതിയെ പൂർണ്ണമായും പിരിച്ചുവിട്ടുകൊണ്ടാണ് വഖഫ് ബോർഡ് അടുത്തിടെ പുനഃസംഘടിപ്പിച്ചത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവർക്ക് പുറമെ, അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട എം.പി മുസ്തഫൽ ഫൈസിയും പുതിയ ബോർഡിൽ ഇടംപിടിച്ചിട്ടുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, ജമാഅത്തെ ഇസ്ലാമി, കെ.എൻ.എം തുടങ്ങിയ സംഘടനകൾക്കും പുതിയ സമിതിയിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. എന്നാൽ അമുസ്ലിം വിഭാഗത്തിൽ നിന്നുള്ള ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.




+ There are no comments
Add yours