മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം; ഡൽഹിയിൽ ഇന്നും പ്രതിഷേധം ശക്തം, നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ്

Estimated read time 1 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന ആവശ്യമുയർത്തി ഡൽഹിയിൽ ഇന്നും പ്രതിഷേധങ്ങൾ തുടരും. ഇടതുപക്ഷ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നും സമരങ്ങൾ അരങ്ങേറുന്നത്. കർശന ഉപാധികളോടെ ജാമ്യം ലഭിച്ച സി.ജെ.പി നേതാക്കളുടെ ഇനിയുള്ള നീക്കങ്ങൾ പ്രക്ഷോഭത്തിൽ നിർണായകമാകും.

രാജി ആവശ്യപ്പെട്ട് സി.ജെ.പി പ്രഖ്യാപിച്ച ‘തിരംഗ മാർച്ചി’ൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് ഇറങ്ങവേയാണ് നേതാവായ അഭിജിത് ദീപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഉച്ചയ്ക്ക് 2:30-ഓടെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദീപ്കെയ്ക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ഒരു വർഷത്തേക്ക് സമാധാനം നിലനിർത്തണമെന്നാണ് പ്രധാന നിർദേശം. തിരംഗ മാർച്ചിൽ ഐസ (AISA) വിദ്യാർഥി സംഘടനയ്ക്ക് നേതൃത്വം നൽകിയ നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇന്നലെ പുലർച്ചെ വിട്ടയച്ചിരുന്നു. ഇതിനിടെ, സമരങ്ങൾക്കിടെ വനിതകൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ചും നടന്നു.

അതേസമയം, സി.ജെ.പി സഹ കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് സംഘടന ആരോപിച്ചു. ഇവരെ ഇന്ന് തന്നെ സ്വതന്ത്രരാക്കിയില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

+ There are no comments

Add yours