തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.
നാളെ മുതൽ മഴയുടെ ശക്തി തെക്കൻ, മധ്യ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്. നാളെ തൃശൂർ, പാലക്കാട് ജില്ലകളിൽ കൂടി മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള ചക്രവാതച്ചുഴികളുടെ സ്വാധീനമാണ് മഴ തുടരാൻ കാരണം. തുലാവർഷമായതിനാൽ ഉച്ചതിരിഞ്ഞായിരിക്കും മഴ കൂടുതൽ ശക്തമാകുക.
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള മത്സ്യബന്ധന വിലക്ക് ഇന്നും തുടരും.




+ There are no comments
Add yours