‘അഴകിയ രാവണൻ’ മോഹൻലാൽ ആയിരുന്നെങ്കിൽ ആ പുതുമ ലഭിക്കില്ലായിരുന്നു; മമ്മൂട്ടിയെ നായകനാക്കാൻ കാരണമിതാണെന്ന് സംവിധായകൻ കമൽ

Estimated read time 1 min read

1996-ൽ പുറത്തിറങ്ങിയ ‘അഴകിയ രാവണൻ’ എന്ന ഹിറ്റ് ചിത്രത്തിലെ ശങ്കർ ദാസ് എന്ന നായകകഥാപാത്രത്തിനായി നിർമ്മാതാവ് ആദ്യം നിർദ്ദേശിച്ചത് മോഹൻലാലിനെയായിരുന്നുവെന്ന് സംവിധായകൻ കമൽ. എന്നാൽ മോഹൻലാൽ ആ വേഷം ചെയ്താൽ വലിയ പുതുമയുണ്ടാകില്ലെന്ന് തോന്നിയതിനാലാണ് തന്റെ മനസ്സിലുണ്ടായിരുന്ന മമ്മൂട്ടിയെത്തന്നെ നായകനാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

അമിത ആത്മവിശ്വാസവും പ്രകടനപരതയും കൊണ്ട് തന്റെ ഉള്ളിലെ വൈകാരിക സംഘർഷങ്ങളെ മറച്ചുപിടിക്കുന്ന പുത്തൻ പണക്കാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തിയത്. അദ്ദേഹത്തിന്റെ വേറിട്ട അഭിനയശൈലി ആ കഥാപാത്രത്തിന് സവിശേഷമായൊരു പുതുമ നൽകി. മറ്റൊരു നടനും ആ വേഷം ഇത്രത്തോളം മികച്ചതാക്കാൻ സാധിക്കില്ലായിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു.

ഭാനുപ്രിയ, കൊച്ചിൻ ഹനീഫ, ശ്രീനിവാസൻ, ബിജു മേനോൻ, രാജൻ പി.ദേവ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഴകിയ രാവണനിൽ ശ്രീനിവാസൻ അവതരിപ്പിച്ച അംബുജാക്ഷൻ എന്ന നോവലിസ്റ്റിന്റെ കഥാപാത്രത്തെ ആസ്പദമാക്കി പിന്നീട് ‘ചിറകൊടിഞ്ഞ കിനാവുകൾ’ എന്ന പേരിൽ ഒരു സ്പൂഫ് സിനിമയും മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു.

+ There are no comments

Add yours