തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫ് അംഗങ്ങളായി സർക്കാർ ശമ്പളം വാങ്ങുന്നവർ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതായി ആരോപണം. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ സുരേഷ് കുമാർ രമ്യ ഹരിദാസിന്റെ ഡ്രൈവറായാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം എംഎൽഎയെ നിയമസഭയിൽ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും സുരേഷ് കുമാറാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാരനായ അശ്വന്ത് ജോലി ചെയ്യുന്നത് എംഎൽഎയുടെ ഓഫീസിലാണെന്നും ആരോപണമുണ്ട്.
എംഎൽഎയുടെ ഇത്തരം നടപടികൾക്കെതിരെ ചിറയിൻകീഴ് കോൺഗ്രസിൽ കടുത്ത ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്. എംഎൽഎയ്ക്കെതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തിൽ രമ്യ ഹരിദാസിനുമേൽ പാർട്ടിക്ക് നിയന്ത്രണം വേണമെന്ന് മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. പ്രാദേശിക, ജില്ലാ നേതാക്കളെ എംഎൽഎ പൂർണ്ണമായി അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം നേതാക്കൾ കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ട്.
അതിനിടെ, എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് അംഗം വിമൽ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെന്നാണ് വിശദീകരണമെങ്കിലും എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള നീക്കവും പാർട്ടിയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.




+ There are no comments
Add yours