ആലപ്പുഴ: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് മുൻപും സമാനമായ രീതിയിൽ അപകടമുണ്ടാക്കിയിരുന്നതായി സൂചന. 2025-ൽ ആലപ്പുഴ മംഗലത്ത് അമിതവേഗത്തിൽ എത്തിയ ചുവന്ന മിനി കൂപ്പർ കാർ (KL 13 A R 0007) ഒരു വീടിന്റെ മതിലിൽ ഇടിച്ചുകയറ്റിയിരുന്നു. ഈ അപകടത്തിൽ ഉൾപ്പെട്ടതും സുഹൈലും സുഹൃത്തുക്കളുമാണെന്നാണ് നിലവിൽ സംശയിക്കുന്നത്. അപകടത്തിന് പിന്നാലെ ഇതേ കാറുമായി ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽപ്പെട്ട മിനി കൂപ്പറിന്റെ ചിത്രങ്ങൾ സുഹൈൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ആലപ്പുഴയിലെ ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാണ് കേസ് ഒത്തുതീർപ്പാക്കിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കേസെടുക്കാതെ ഇവരെ സ്റ്റേഷനിൽ നിന്ന് വിട്ടയക്കുകയായിരുന്നു. പ്രതി മുൻപും അപകടങ്ങളിൽ ഉൾപ്പെട്ടിരുന്നോ എന്ന അന്വേഷണത്തിലാണ് ഈ പഴയ സംഭവം വീണ്ടും ചർച്ചയാകുന്നത്.
അതിനിടെ, പ്രതികളുടെ ജാമ്യാപേക്ഷയിൽ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉടൻ വിധി പറയും. സുഹൈലിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. അതേസമയം, നെടുമ്പാശ്ശേരി അപകടവുമായി ബന്ധപ്പെട്ട് ബാറുകളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു അറിയിച്ചു. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. അതുവരെ ഈ ബാറുകളുടെ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.




+ There are no comments
Add yours