ശിവസൂര്യയുടെ തിരോധാനം: 70 ദിവസമായിട്ടും വിവരമില്ല; ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

Estimated read time 1 min read

കണ്ണൂർ: ചൊക്ലിയിൽ നിന്ന് 17-കാരനായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈ.എസ്.പി. കെ. സനിൽകുമാറിനാണ് അന്വേഷണ ചുമതല. ചൊക്ലി പോലീസും പ്രത്യേക അന്വേഷണ സംഘവും (SIT) അന്വേഷണം നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന്, കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ശിവസൂര്യയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. മൊബൈൽ ഫോൺ വീട്ടുകാർ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തിൽ ‘കാശിക്ക് പോകുകയാണെന്നും ഇനിയുള്ള കാലം ദൈവത്തിൽ അലിയുമെന്നും’ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി നാടുവിട്ടത്. സംഭവം നടന്ന് 70 ദിവസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

നേരത്തെ പെരിങ്ങത്തൂർ, പാനൂർ, തലശ്ശേരി, കോഴിക്കോട്, വടകര തുടങ്ങിയ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ വാരണാസി, രാമേശ്വരം എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് കുടുംബവും ജനകീയ ആക്ഷൻ കമ്മിറ്റിയും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിയെ കണ്ടത്.

+ There are no comments

Add yours