മുൻ എ.എ.ജിയെ മർദിച്ചതിൽ പ്രതിഷേധം; തലസ്ഥാനത്ത് കോടതികൾ ബഹിഷ്കരിച്ച് അഭിഭാഷകർ

Estimated read time 0 min read

തിരുവനന്തപുരം: മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ അഡ്വ. കെ.പി. ജയചന്ദ്രനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അകാരണമായി അദ്ദേഹത്തെ മർദിച്ചത്. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ ഉചിതമായ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ ഒന്നടങ്കം പണിമുടക്കിയത്.

പോലീസ് അതിക്രമത്തിനെതിരെ തിരുവനന്തപുരം ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി സമുച്ചയത്തിൽ അഭിഭാഷകർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജി. ഗോപിദാസ്, വൈസ് പ്രസിഡന്റ് അനിതാ അജി എന്നിവരുൾപ്പെടെ വിവിധ അഭിഭാഷക സംഘടനാ നേതാക്കൾ റാലിക്ക് നേതൃത്വം നൽകി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് സംസ്ഥാന പ്രസിഡന്റും കേരളാ ബാർ കൗൺസിൽ അംഗവുമായ കെ.പി. ജയചന്ദ്രന് നേരെയുണ്ടായ അതിക്രമം അത്യന്തം അപലപനീയമാണെന്ന് സംഘടനകൾ വ്യക്തമാക്കി.

മുതിർന്ന അഭിഭാഷകനെ മർദിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും കർശനമായ വകുപ്പുതല അന്വേഷണം നടത്തണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് അഭിഭാഷകരുടെ തീരുമാനം.

+ There are no comments

Add yours