പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസി സൂപ്പർഹീറോ ചിത്രം ‘ദി ബാറ്റ്മാൻ 2’ന്റെ ചിത്രീകരണം പൂർത്തിയാക്കാൻ ഓസ്കാർ ജേതാവായ സംവിധായകൻ സ്റ്റീവൻ സോഡർബർഗ് എത്തും. വ്യക്തിപരമായ കുടുംബപ്രശ്നങ്ങളെത്തുടർന്ന് സംവിധായകൻ മാറ്റ് റീവ്സ് ചിത്രീകരണത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
രണ്ടാഴ്ച മുൻപാണ് മാറ്റ് റീവ്സ് ഇടവേള എടുത്തത്. റീവ്സിന്റെ സിനിമാശൈലിയുടെ വലിയ ആരാധകനായ സോഡർബർഗ് അദ്ദേഹത്തിന് പിന്തുണയുമായി സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. റീവ്സുമായി ആശയവിനിമയം നടത്തി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനനുസരിച്ചാകും സിനിമയുടെ ബാക്കി ഭാഗങ്ങൾ സോഡർബർഗ് പൂർത്തിയാക്കുക. ചിത്രീകരണം കഴിഞ്ഞ ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി മാറ്റ് റീവ്സ് തന്നെ തിരിച്ചെത്തുമെന്ന് ഡിസി സ്റ്റുഡിയോസ് വ്യക്തമാക്കി.
റോബർട്ട് പാറ്റിൻസൺ ബാറ്റ്മാനായി എത്തുന്ന ചിത്രത്തിൽ ആൻഡി സെർക്കിസ്, കോളിൻ ഫാരൽ എന്നിവർ ആദ്യ ഭാഗത്തിലെ തങ്ങളുടെ കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കും. സ്കാർലറ്റ് ജോഹാൻസൺ, സെബാസ്റ്റ്യൻ സ്റ്റാൻ, ബ്രയാൻ ടൈറി ഹെൻറി, ജെയ്മി ലോസൺ, ചാൾസ് ഡാൻസ്, ഗിൽ പെരസ്-അബ്രഹാം, സെബാസ്റ്റ്യൻ കോച്ച് തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ താരനിരയിലുണ്ട്.




+ There are no comments
Add yours