ലോകത്തിലെ ഏറ്റവും പുരാതന കൊലപാതകം? ഇറാഖിൽ 75,000 വർഷം പഴക്കമുള്ള നിയാണ്ടർത്താൽ മനുഷ്യൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

Estimated read time 1 min read

ബാഗ്ദാദ്: ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴയ കൊലപാതകങ്ങളിലൊന്നിന്റെ ചുരുളഴിയുന്നു. 75,000 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ടതെന്ന് കരുതുന്ന നിയാണ്ടർത്താൽ മനുഷ്യൻ്റെ അവശിഷ്ടങ്ങൾ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലുള്ള ഷാനിദർ ​ഗുഹയിൽ നിന്ന് പുരാവസ്തു ​ഗവേഷകർ കണ്ടെടുത്തു. ‘ഷാനിദർ എ’ എന്നാണ് ഈ ഫോസിലിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

കൂർത്ത കുന്തം നെഞ്ചിൽ തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ശ്വാസകോശവും ധമനികളും തകർത്ത കുന്തം തോളെല്ലിൽ വൃത്താകൃതിയിലുള്ള‍ ദ്വാരമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ ലിംഗം ഏതാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതിന് പുറമെ, നിയാണ്ടർത്താലുകൾക്കിടയിലുണ്ടായിരുന്ന പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുൻപ് മുഖത്തേറ്റ മറ്റൊരു ക്ഷതത്താൽ പല്ല് പൊട്ടിയ ഈ വ്യക്തിയെ, കൂട്ടത്തിലുള്ളവർ മൃദുവായ ഭക്ഷണം നൽകി ശുശ്രൂഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി.

2019, 2022 വർഷങ്ങളിൽ നടത്തിയ ഖനനങ്ങളിലാണ് ഈ സുപ്രധാന വിവരങ്ങൾ ലഭിച്ചത്. ഗുഹയുടെ 24 അടി ആഴത്തിൽ നിന്നായി തോളെല്ല്, വലതു കൈയുടെ ഭാഗങ്ങൾ, വാരിയെല്ലുകളുടെ ഭാഗങ്ങൾ, ഏഴ് പല്ലുകൾ എന്നിവയാണ് ഗവേഷകർക്ക് ലഭിച്ചത്. കാഴ്ചയും കേൾവിശക്തിയും നഷ്ടപ്പെട്ട പ്രായമായ മറ്റൊരു നിയാണ്ടർത്താലിന്റെ ഫോസിലും ഇതേ ഗുഹയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

+ There are no comments

Add yours