: യാത്രാനിരക്ക് വർധിപ്പിക്കണം; സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്

Estimated read time 1 min read

കൊച്ചി: പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. യാത്രാനിരക്ക് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കൊച്ചിയിലെ കേരള ബസ് ട്രാൻസ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫീസിൽ എട്ടു ബസുടമ സംഘടനകൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് പണിമുടക്കാൻ തീരുമാനിച്ചത്.

കെ.എസ്.ആർ.ടി.സി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാപദ്ധതി സ്വകാര്യ ബസ് വ്യവസായത്തിന് കനത്ത തിരിച്ചടിയായെന്ന് ഉടമകൾ പറയുന്നു. പദ്ധതി വന്നതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുകയും പകുതിയോളം ബസുകൾ യാത്രക്കാരില്ലാതെ ഓടേണ്ട അവസ്ഥയിലാവുകയും ചെയ്തു. വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ സർവീസുകളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകളുടെ നിലപാട്.

2022-ൽ നിശ്ചയിച്ച മിനിമം നിരക്കിലാണ് ഇപ്പോഴും ബസുകൾ സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്കാകട്ടെ 2011-ന് ശേഷം പരിഷ്കരിച്ചിട്ടുമില്ല. അതിനാൽ മിനിമം ചാർജും കൺസെഷൻ നിരക്കും കാലോചിതമായി വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. പ്രതിസന്ധിയിലായ ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ബസുടമകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു.

+ There are no comments

Add yours