രാംലീലയിൽ ഇത്തവണ രാവണനൊപ്പം പാറ്റാദഹനവും; ഇതിൽ രാഷ്ട്രീയമില്ലെന്നും അഴുക്കിന്റെ പ്രതീകമാണെന്നും സംഘാടകർ

Estimated read time 1 min read

ന്യൂഡൽഹി: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഡൽഹി പീതംപുരയിൽ നടക്കുന്ന രാംലീലയിൽ ഇത്തവണ രാവണനൊപ്പം കൂറ്റൻ പാറ്റയുടെ രൂപവും ദഹിപ്പിക്കും. ദസറ ആഘോഷങ്ങളിൽ രാവണൻ, കുംഭകർണ്ണൻ, മേഘനാഥൻ എന്നിവരുടെ രൂപങ്ങൾ കത്തിക്കുന്നത് പതിവാണെങ്കിലും, ഇതിനൊപ്പമാണ് 30 അടി ഉയരമുള്ള പാറ്റയുടെ രൂപവും ദഹിപ്പിക്കാൻ ശ്രീ കേശവ് രാംലീല കമ്മിറ്റി ഒരുങ്ങുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന ‘പാറ്റ’ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് ഡൽഹിയിൽ പാറ്റാദഹനത്തിന് ഒരുക്കങ്ങൾ നടക്കുന്നത്. ബി.ജെ.പി എം.എൽ.എ അശോക് ഗോയൽ തലവനായ കമ്മിറ്റിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

എന്നാൽ, പാറ്റാദഹനത്തിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. പാറ്റ അഴുക്കിന്റെയും മാലിന്യത്തിന്റെയും പ്രതീകമാണെന്നും, കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ പ്രചാരണാർത്ഥമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നുമാണ് കമ്മിറ്റി വ്യക്തമാക്കുന്നത്. നിലവിൽ പാറ്റയുടെ കൂറ്റൻ രൂപം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.

+ There are no comments

Add yours