തൃശൂർ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി വിജയ് ഇന്ന് കേരളത്തിലെത്തും. കല്യാൺ ജ്വല്ലേഴ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിലെത്തുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോയമ്പത്തൂരിൽ നടക്കുന്ന പൊതുപരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹത്തിന്റെ കേരള സന്ദർശനം.
വൈകുന്നേരത്തോടെ ഹെലികോപ്റ്റർ മാർഗം തൃശൂർ പുഴയ്ക്കൽ ശോഭാ സിറ്റിയിലെ ഹെലിപാഡിലാണ് അദ്ദേഹം വന്നിറങ്ങുക. തുടർന്ന് കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണരാമന്റെ വസതിയിൽ ഒരുക്കിയിട്ടുള്ള ആഘോഷച്ചടങ്ങുകളിൽ അദ്ദേഹം പങ്കെടുക്കും. തികച്ചും സ്വകാര്യമായ പരിപാടിയായതിനാൽ കർശന സുരക്ഷയാണ് പോലീസ് പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും ചലച്ചിത്ര താരങ്ങൾക്കും മാത്രമാണ് വസതിയിലേക്ക് പ്രവേശനമുള്ളത്. ഒന്നര മണിക്കൂറോളം നീളുന്ന സന്ദർശനത്തിന് ശേഷം ശോഭാ സിറ്റിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തന്നെ അദ്ദേഹം കോയമ്പത്തൂരിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കും മടങ്ങും.
തമിഴ്നാട് മുഖ്യമന്ത്രി പദവിയിലെത്തിയ ശേഷമുള്ള വിജയ്യുടെ ആദ്യ കേരള സന്ദർശനമാണിത്. രണ്ട് വർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോൾ വൻ ജനസാഗരമാണ് വരവേൽക്കാനുണ്ടായിരുന്നത്. നിലവിൽ മുഖ്യമന്ത്രിയെന്ന ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ ഇത്തവണ പൊതുജനങ്ങൾക്ക് അദ്ദേഹത്തെ നേരിൽ കാണുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകും. എങ്കിലും താരത്തെ ഒരുനോക്ക് കാണാൻ ആരാധകർ തടിച്ചുകൂടാൻ സാധ്യതയുള്ളതിനാൽ ശോഭാ സിറ്റി പരിസരത്ത് പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.





+ There are no comments
Add yours