ഗ്യാനേഷ് കുമാർ രാജിവെക്കില്ല; കോൺഗ്രസ് ശ്രമിക്കുന്നത് ബംഗ്ലാദേശ് മോഡൽ ഭരണമാറ്റത്തിനെന്ന് രാജ്‌നാഥ് സിങ്

Estimated read time 0 min read

ഡൽഹി: പ്രതിപക്ഷത്തിന്റെ യാതൊരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷവിമർശനമാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഉന്നയിച്ചത്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളാക്കി മാറ്റി ബംഗ്ലാദേശിൽ നടന്നതുപോലുള്ള ഒരു ഭരണമാറ്റത്തിനാണ് ഇവിടെ ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിയുടേയും കോൺഗ്രസിന്റേയും അവസരവാദ രാഷ്ട്രീയമാണ് ഇപ്പോൾ കാണുന്നത്. രാഹുൽ ഗാന്ധി പൊതുജനാഭിപ്രായത്തെ മാനിക്കാനും സ്വന്തം രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് സ്വയം വിലയിരുത്താനും തയ്യാറാകണം. സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ബലികൊടുക്കാൻ അനുവദിക്കില്ലെന്നും, ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനെ അട്ടിമറിക്കാൻ ചിലർ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ജനാധിപത്യ സ്ഥാപനങ്ങളെ തകർത്ത് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഭരണഘടനാ ചട്ടക്കൂട് തകർത്ത് രാജ്യം കത്തിക്കുക എന്നതാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഏക അജണ്ടയെന്ന് കുറ്റപ്പെടുത്തിയ രാജ്‌നാഥ് സിങ്, മഹാത്മാ ഗാന്ധിയുടെ പേര് ഉപയോഗിക്കാനുള്ള എല്ലാ ധാർമ്മിക അവകാശങ്ങളും കോൺഗ്രസ് നേതാക്കൾക്ക് നഷ്ടപ്പെട്ടുകഴിഞ്ഞതായും തുറന്നടിച്ചു.

+ There are no comments

Add yours