ജർമ്മനിയിലെ തീപിടിത്തം: മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും; റൊമാനിയൻ പൗരൻ അറസ്റ്റിൽ

Estimated read time 0 min read

ജർമ്മനിയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകും. ശനി, ഞായർ ദിവസങ്ങളിലെ അവധിയാണ് നടപടിക്രമങ്ങൾ വൈകാൻ കാരണം. കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു എന്നിവരാണ് കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ചത്. നിലവിൽ എംബാം നടപടികൾക്കായി മാറ്റിയിരിക്കുന്ന മൃതദേഹങ്ങൾ വരുന്ന ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംഭവത്തിൽ മലയാളികൾ താമസിച്ചിരുന്ന അതേ കെട്ടിടത്തിലുണ്ടായിരുന്ന ഒരു റൊമാനിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് തലേദിവസം കെട്ടിടത്തിലെ താമസക്കാർ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി അയൽവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകൾ മൂലമല്ല തീപിടിത്തം ഉണ്ടായതെന്ന് അഗ്നിശമന വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

പഠനത്തിനും ജോലിക്കുമായി വെറും രണ്ടാഴ്ച മുൻപ് മാത്രം ജർമ്മനിയിലെത്തി താമസം തുടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത്യൻ കോൺസുലേറ്റ് വഴി പുരോഗമിക്കുകയാണ്. ബോഹുമിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി അസോസിയേഷനുകളും സഹായവുമായി രംഗത്തുണ്ട്.

+ There are no comments

Add yours