തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര എന്ന് പൂർണ്ണമായി നടപ്പിലാക്കുമെന്ന ചോദ്യത്തിന് നിയമസഭയിൽ വ്യക്തമായ മറുപടി നൽകാതെ ഗതാഗത മന്ത്രി സി.പി. ജോൺ. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി സഭയെ അറിയിച്ചെങ്കിലും, വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
സൗജന്യ യാത്ര നൽകുന്നത് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കി മാറ്റുന്നുണ്ടോയെന്ന് പ്രതിപക്ഷം സഭയിൽ ചോദിച്ചു. എന്നാൽ ഈ ആരോപണം നിഷേധിച്ച മന്ത്രി, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകളാക്കിയിട്ടില്ലെന്നും ഇത്തരമൊരു തെറ്റിദ്ധാരണ എങ്ങനെ ഉണ്ടായെന്ന് അറിയില്ലെന്നും മറുപടി നൽകി.
സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് 200 കോടിയോളം രൂപ കെ.എസ്.ആർ.ടി.സിക്ക് കൈമാറിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രതിസന്ധികളൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സമാന്തരമായി സർവീസ് നടത്തുന്ന മേഖലകളിൽ ചില പ്രശ്നങ്ങളുണ്ട്. ഇതിനെക്കുറിച്ച് പഠിച്ച കമ്മിറ്റി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും, സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിക്ക് വാടകയ്ക്ക് എടുക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.





+ There are no comments
Add yours