ടോക്കിയോ: ജപ്പാനിൽ 9.9 തീവ്രതയുള്ള വൻ ഭൂചലനമുണ്ടാകുമെന്ന് അബദ്ധത്തിൽ മുന്നറിയിപ്പ് നൽകി ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെ.എം.എ). വെള്ളിയാഴ്ച ഉച്ചയോടെയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ഈ സംഭവമുണ്ടായത്. റഷ്യയിലെ കംചത്ക ഉപദ്വീപിന് സമീപം 6.9 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ജപ്പാനിലും ഈ മുന്നറിയിപ്പ് വന്നത്. എന്നാൽ, മിനിറ്റുകൾക്കകം ഏജൻസി മുന്നറിയിപ്പ് പിൻവലിക്കുകയും സാങ്കേതിക പിഴവാണെന്ന് സമ്മതിക്കുകയും ചെയ്തു.
ഹൊക്കൈഡോ മുതൽ ടോകായ് വരെയുള്ള ജപ്പാന്റെ വടക്ക്, കിഴക്ക്, മധ്യ മേഖലകളിൽ അതിശക്തമായ ഭൂചലനമുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്. കുരിൽ ദ്വീപുകൾക്ക് സമീപം 140 കിലോമീറ്റർ ആഴത്തിൽ 9.9 തീവ്രതയിൽ ഭൂചലനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ് സംവിധാനത്തിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തിന്റെ തീവ്രത കണക്കാക്കുന്നതിൽ സിസ്റ്റത്തിനുണ്ടായ പിഴവാണ് ഈ തെറ്റായ മുന്നറിയിപ്പിന് കാരണമായതെന്ന് ജെ.എം.എ പിന്നീട് വ്യക്തമാക്കി.
മുന്നറിയിപ്പിലെ 9.9 എന്ന തീവ്രതയിലുള്ള ഭൂചലനം യഥാർത്ഥത്തിൽ സംഭവിച്ചിരുന്നെങ്കിൽ അത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂകമ്പമായി മാറുമായിരുന്നു. 1960-ൽ ചിലിയിലുണ്ടായ 9.5 തീവ്രതയുള്ള ഭൂചലനമാണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും വലുത്.
അതേസമയം, റഷ്യയിലെ കംചത്ക ഉപദ്വീപിന് സമീപം വെള്ളിയാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 6.9 ആണെന്ന് യു.എസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. 135 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. പ്രാഥമിക ഘട്ടത്തിൽ 7 തീവ്രതയാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീടത് 6.9 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു.




+ There are no comments
Add yours