മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; അറസ്റ്റ് രേഖപ്പെടുത്താൻ എക്‌സൈസ്, ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Estimated read time 0 min read

കൊച്ചി: മൂന്ന് പേരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ എക്‌സൈസ് നീക്കം തുടങ്ങി. പരിശോധനയിൽ സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിലും അഞ്ചിരട്ടി മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അപകടദിവസം തുടർച്ചയായി മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച സുഹൈൽ, നെടുമ്പാശ്ശേരിയിലെ ഒരു ബാറിൽ മാത്രം 4,396 രൂപയാണ് മദ്യത്തിനായി ചെലവിട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

കസ്റ്റഡി കാലാവധി പൂർത്തിയായ പശ്ചാത്തലത്തിൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്ത ശേഷമായിരിക്കും എക്‌സൈസ് അറസ്റ്റ് രേഖപ്പെടുത്തുക. അമിതമായി മദ്യപിച്ച വ്യക്തിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതുമായി ബന്ധപ്പെട്ട് ബാറുകൾക്കെതിരെയുള്ള നടപടികളും പുരോഗമിക്കുകയാണ്. കൂടാതെ, സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പും കടന്നിട്ടുണ്ട്. അപകടത്തിന് കാരണമായ വാഹനത്തിന്റെ മെക്കാനിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ടെന്നും തകരാറുകൾ വല്ലതും അപകടത്തിലേക്ക് നയിച്ചോ എന്നതുൾപ്പെടെയുള്ള റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നും എം.വി.ഡി. അറിയിച്ചു.

അതിനിടെ, സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യഹർജി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. താൻ നിരപരാധിയാണെന്നും അമിതവേഗതയിലല്ല വാഹനമോടിച്ചതെന്നുമാണ് ഹർജിയിൽ സുഹൈലിന്റെ വാദം. എന്നാൽ, കേസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് പ്രതികളുടെ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കും.

+ There are no comments

Add yours