ന്യൂഡൽഹി: ഡൽഹി പോലീസിന്റെ മർദനത്തിനും അതിക്രമങ്ങൾക്കുമെതിരെ നടപടിയാവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച എൽ.എസ്.യു.ഐ (NSUI) നേതാക്കളെ ഒമ്പത് മണിക്കൂറുകൾക്ക് ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് മർദനത്തിനിരയായ മലയാളി വിദ്യാർത്ഥിനി ആതിര, ജെബി മേത്തർ എം.പി, എൽ.എസ്.യു.ഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കർ തുടങ്ങിയ പ്രമുഖ നേതാക്കളെയാണ് പുലർച്ചെ നാലരയോടെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് ആതിര ഉൾപ്പെടെയുള്ളവർക്ക് പോലീസ് മർദനമേറ്റത്. പോലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മർദിച്ചെന്നും, വനിതാ പോലീസുകാർ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് തന്റെ വലത് ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടെന്നും ആതിര ആരോപിച്ചിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ സ്റ്റേഷന് മുന്നിലെ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
സമാധാനപരമായി ധർണ്ണയിരുന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. ഇതിനിടെ പോലീസുകാരല്ലാത്ത ചിലർ സംഘടിച്ചെത്തി എൽ.എസ്.യു.ഐ പ്രവർത്തകരെയും ഡൽഹി പോലീസിനെയും മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് പങ്കില്ലെന്ന് എൽ.എസ്.യു.ഐ നേതൃത്വം വ്യക്തമാക്കി.




+ There are no comments
Add yours