ഫോൺ വിളിക്കുന്നയാളുടെ വിവരങ്ങൾ അറിയാൻ ഇനി തേർഡ് പാർട്ടി ആപ്പുകൾ വേണ്ട; ‘സി.എൻ.എ.പി’ നിർബന്ധമാക്കി ട്രായ്

Estimated read time 1 min read

പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകൾ വരുമ്പോൾ വിളിക്കുന്നത് ആരാണെന്നറിയാൻ ഇനി ട്രൂകോളർ പോലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷനുകളെ ആശ്രയിക്കേണ്ടതില്ല. വിളിക്കുന്നയാളുടെ പേരുവിവരങ്ങൾ ഫോൺ സ്ക്രീനിൽ തെളിയുന്ന ‘കോളർ നെയിം പ്രസന്റേഷൻ’ (CNAP) സംവിധാനം നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).

സിം കാർഡ് എടുക്കുമ്പോൾ ഉപഭോക്താക്കൾ കെ.വൈ.സി (KYC) രേഖകളിൽ നൽകിയിട്ടുള്ള ഔദ്യോഗിക പേരുതന്നെയായിരിക്കും വിളിക്കുമ്പോൾ ഫോൺ സ്ക്രീനിൽ ദൃശ്യമാകുക. ജിയോ, എയർടെൽ, വിഐ (Vi) തുടങ്ങിയ പ്രമുഖ നെറ്റ്‌വർക്കുകളിൽ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും ടെലികോം വകുപ്പിന്റെയും നിർദ്ദേശപ്രകാരം ഈ വർഷം നവംബർ ഒന്ന് മുതൽ സംവിധാനം രാജ്യവ്യാപകമായി ഔദ്യോഗികമായി നിലവിൽ വരും.

വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, ശല്യക്കാരായ സ്പാം കോളുകൾ എന്നിവയ്ക്ക് തടയിടുക എന്നതാണ് ട്രായിയുടെ ഈ നിർണായക നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

+ There are no comments

Add yours