ജർമ്മനിയിൽ മൂന്ന് മലയാളികൾ തീപിടിത്തത്തിൽ മരിച്ച സംഭവം: മരണത്തിൽ ദുരൂഹത, റൊമാനിയൻ പൗരൻ കസ്റ്റഡിയിൽ

Estimated read time 1 min read

ജർമ്മനിയിലെ ബോഹും നഗരത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇടുക്കി ഇരട്ടയാർ ശാന്തിഗ്രാം സ്വദേശിനി നോവ സാബു, കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ്, എറണാകുളം കാലടി സ്വദേശി സ്വീൻ ജോണി എന്നിവരാണ് റസിഡൻഷ്യൽ അപ്പാർട്ട്മെന്റിലുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചത്.

മലയാളികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ ജർമ്മൻ പൊലീസ്, സംഭവവുമായി ബന്ധപ്പെട്ട് 41-കാരനായ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപ്പാർട്ട്മെന്റിന്റെ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് ഇയാൾ മനപ്പൂർവം തീവെച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ജിം ട്രെയിനറായി ജോലി ലഭിച്ചതിനെ തുടർന്ന് വെറും മൂന്ന് മാസം മുൻപാണ് നോവ സാബു ജർമ്മനിയിൽ എത്തിയത്. ജർമ്മനിയിലുള്ള സഹോദരന്റെ അടുത്തേക്ക് ഒരു മാസം മുൻപെത്തിയ സ്വീൻ ജോണി തിങ്കളാഴ്ച പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ദുരന്തം തേടിയെത്തിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എം.പിമാർ കത്തയച്ചിട്ടുണ്ട്.

+ There are no comments

Add yours