തിരുവനന്തപുരം: ഇടുക്കിയിൽ ആനത്താരയുടെ പേരിൽ വനംവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ജനജീവിതം ദുരിതത്തിലാക്കുന്ന ഈ ഉത്തരവിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് ‘വനരാജ്’ ആണെന്നും പ്രമേയം അവതരിപ്പിച്ച കെ.യു. ജനീഷ് കുമാർ എം.എൽ.എ ആരോപിച്ചു.
വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ ഉന്നയിച്ചത്. വിവാദ ഉത്തരവിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, ഇതിൽ മന്ത്രി നൽകിയ മറുപടി തികച്ചും വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടുള്ള മന്ത്രി ഷിബു ബേബി ജോണിന്റെ മറുപടി സഭയിൽ കടുത്ത പ്രകോപനത്തിന് വഴിവെച്ചു. ഇത്തരക്കാരെ പറഞ്ഞു മനസിലാക്കുന്നതിനേക്കാൾ എളുപ്പം ആനയെയും കഴുതയെയും കാര്യങ്ങൾ ധരിപ്പിക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
മന്ത്രിയുടെ ഈ വാക്കുകൾക്കെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. തുടർന്ന് വിഷയത്തിൽ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ, ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.




+ There are no comments
Add yours