കൊച്ചി: നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈലുമായി പോലീസ് വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിൽ അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശേരിയിലെ ബാറിലുമാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുവദിച്ച രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ പ്രതിയെ വൈകിട്ട് അഞ്ചുമണിയോടെ കോടതിയിൽ ഹാജരാക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
തുടർച്ചയായുള്ള പ്രതിഷേധങ്ങളെ തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം തെളിവെടുപ്പ് മാറ്റി വെച്ചിരുന്നു. പകരം പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പ്രതികളുടെ വിരലടയാള പരിശോധന അടക്കമുള്ള നടപടികളാണ് പൂർത്തിയാക്കിയത്. കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ ചുമതല നെടുമ്പാശേരി സി.ഐയിൽ നിന്നും ആലുവ ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ ആവശ്യമെങ്കിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
അതിനിടെ, പ്രതികളെ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ ആലപ്പുഴയിലെ യു.ഡി.എഫ് വനിതാ എം.എൽ.എ ഇടപെടൽ നടത്തിയെന്നാണ് ഡി.വൈ.എഫ്.ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവൽ ഉന്നയിക്കുന്ന പ്രധാന ആരോപണം.





+ There are no comments
Add yours