‘മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്? പിണറായി വിജയൻ വിചാരണ നേരിടണം’; മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ

Estimated read time 1 min read

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എം.എൽ.എ. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയക്കുന്നതെന്തിനാണെന്ന് ചോദിച്ച അദ്ദേഹം, പിണറായി വിജയൻ വിചാരണ നേരിടുകയാണ് ഏറ്റവും അഭികാമ്യമെന്നും വ്യക്തമാക്കി.

കേസിൽ പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് തെളിഞ്ഞതായി കുഴൽനാടൻ ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറൽ (എ.ജി) എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഇതിൽ ബന്ധപ്പെട്ടവർ പാർട്ടി വേദിയിൽ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രഥമദൃഷ്ട്യാ എഫ്.ഐ.ആർ നിലനിൽക്കില്ലെന്ന വാദം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും, ന്യായീകരണങ്ങളല്ല നിയമപരമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് തനിക്കെതിരെ യാതൊരു തെളിവുകളുമില്ലാതെ കേസെടുത്തവർ, ഇപ്പോൾ മകൾക്കെതിരെ അന്വേഷണവും എഫ്.ഐ.ആറും വരുമ്പോൾ വെപ്രാളപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പ്രായം പരിഗണിച്ച് വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മുതിരുന്നില്ല. എന്നാൽ, തനിക്കെതിരെ മുൻപ് ഉന്നയിച്ച കാര്യങ്ങളിൽ സി.പി.എം നേതൃത്വം ഒരു ആത്മപരിശോധന നടത്തണമെന്നും അന്ന് അവർ പറഞ്ഞ കാര്യങ്ങൾ ശാന്തമായി ഓർമ്മപ്പെടുത്തുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.

+ There are no comments

Add yours